കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലില്‍ ശക്തമായ ഇടിമിന്നലില്‍ വീടിന് തീ പിടിച്ചു. കണ്ടിവാതുക്കല്‍ അഭയ ഗിരിയിലെ പുറപ്പുഴയില്‍ മേരിയുടെ വീടിനാണ് തീ പിടിച്ചത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ടി.വി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു. വയറിംഗുകള്‍ കത്തി നശിച്ചു. വീടിന്റെ മണ്‍ കട്ടകള്‍ പൊട്ടിച്ചിതറി. വീടിന് ടാര്‍പോളിന്‍ ഷീറ്റ് മൂടിയ മേല്‍ക്കൂരയില്‍ രണ്ട് ഭാഗങ്ങളില്‍ തീ പടര്‍ന്നു.
മിന്നലിന്റെ ആഘാതത്തില്‍ മേരിയും, മകന്‍ പ്രിന്‍സും ഷോക്കേറ്റ് തെറിച്ച് വീണു. അയല്‍ വീടുകളിലെ താമസക്കാര്‍ക്കും മിന്നലേറ്റു. ജോസ് കൂവത്തോട്, ആലിസ് പുറപ്പുഴയില്‍, ഗീത മാക്കൂല്‍ ചിറ്റേരി എന്നിവര്‍ക്കും മിന്നലേറ്റു. ഇന്നലെ രാത്രിയിലാണ് കണ്ടിവാതുക്കല്‍ മലയോരത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.
ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പിലെ തെങ്ങുകളും, വൃക്ഷങ്ങളും കത്തിനശിച്ചിട്ടുണ്ട്. ശക്തമായ മഴയായതിനാലാണ് വീട് കത്തി നശിക്കാതെ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ടി വാതുക്കല്‍ ട്രാന്‍സ് ഫോര്‍മറിനും തകരാര്‍ സംഭവിച്ചു.