പെരിന്തല്‍മണ്ണയില്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ അങ്കണവാടി അടച്ചുപൂട്ടി. അങ്ങാടിപ്പുറം പഞ്ചായത്തിലെ 18ാം വാര്‍ഡ് ചോലയില്‍ കുളമ്പ് അങ്കണവാടിയാണ് പൂട്ടിയത്. ഇന്നലെ രാവിലെ എത്തിയ കുട്ടികളെ തിരിച്ചയച്ചു. ഇതോടെ മുപ്പതോളം കുട്ടികളുടെ പഠനം അവതാളത്തിലായി.
അങ്കണവാടി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിനൊപ്പം പതിച്ച ഓടുകള്‍ അടര്‍ന്നുവീഴാവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ രക്ഷിതാക്കളും ജീവനക്കാരും ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ചോലയില്‍ കുഞ്ഞാപ്പുട്ടി നല്‍കിയ സ്ഥലത്താണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കാല്‍ നൂറ്റാണ്ടു മുന്‍പ് പണിതതാണ് കെട്ടിടം. താല്‍ക്കാലിക കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.