കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ പാര്‍ട്ടികളുടെ ഏറ്റവും പ്രമുഖ നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ അടക്കം തേരോട്ടം നടത്തി ആം ആദ്മി പാര്‍ട്ടി. ചിട്ടയായ പ്രവര്‍ത്തനവും പ്രചാരണവും ഒക്കെ കൃത്യമായി വോട്ട് ആക്കി മാറ്റാന്‍ ആപ്പിനായി എന്നാണ് വന്നുകൊണ്ടിരിക്കുന്ന ഫലങ്ങള്‍ നല്‍കുന്ന സൂചന.117 സീറ്റില്‍ 95 സീറ്റുകളിലും ആപ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു.കോണ്‍ഗ്രസ് 12 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത്ത് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും അദ്ദേഹം വളരെ പിന്നിലാണ്.
അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. എക്‌സിറ്റ് പോളുകള്‍ ആം ആദ്മിക്കൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്. 2017ലും സമാനമായി പല എക്‌സിറ്റ് പോളുകളും ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിച്ചിരുന്നു. പക്ഷേ അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം അപ്പാടെ തകിടം മറിച്ചുകൊണ്ടാണ് ആപ്പിന്റെ മുന്നേറ്റം. എല്ലാ റൗണ്ടിലും എഎപി സ്ഥാനാര്‍ഥികളുടെ ലീഡ് വര്‍ധിക്കുന്നതിനാല്‍ സംഗ്രൂര്‍, പട്യാല, ബര്‍ണാല എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിന്നും ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മടങ്ങിപ്പോയിരുന്നു.