22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. താനൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ ഉടന്‍ താനൂര്‍ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട് അപകടത്തെ തുടര്‍ന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.
നാസറിന്റെ വാഹനം ഇന്ന് എറണാകുളത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കൊച്ചിയില്‍ പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. നാസറിന്റെ മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുക. താനൂര്‍ ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. താനൂര്‍ സിഐ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ട്.