മരിച്ചത് പുലര്‍ച്ചെ 4.25 ന്, ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രാവിലെ 7.03 ന്; താമിറിന്റെ മരണത്തില്‍ ദുരൂഹത, എസ്പിയുടെ തിരക്കഥയെന്ന് ഷംസുദ്ദീന്‍ 

താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണം കസ്റ്റഡി കൊലപാതകമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. താമിര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണ്. താമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയാണ്. പൊലീസ് പടച്ചുണ്ടാക്കിയ കേസാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. 

രാത്രി ഒന്നര മണിയ്ക്ക് താനൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ താഴെവെച്ച് ഒരു വാഹനത്തിലിരിക്കെ താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. പ്രതി കുഴഞ്ഞു വീണു മരിച്ചു. നാലര മണിക്ക് മരണം സ്ഥിരീകരിച്ചു എന്നതാണ് പൊലീസിന്റെ ഭാഷ്യം. എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യമെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. 

ജൂലായ് 31 ന് വൈകീട്ട് നാലുമണിയോടെ ചേളാരിയിലെ ആലിങ്ങലില്‍ താമിര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ മലപ്പുറം എസ്പിയുടെ പ്രത്യേക സംഘം എത്തിയാണ് താമിറിനെയും നാലുപേരെയും പിടിച്ചുകൊണ്ടുപോയത്. താമിറിനെക്കൊണ്ട് ഫോണ്‍ ചെയ്തു വരുത്തിയവരെ അടക്കം മൂന്നു വാഹനങ്ങളിലായി ഇവരെ പൊലീസ് കൊണ്ടുപോയത് കണ്ടതിന് ദൃക്‌സാക്ഷികളുണ്ട്. 
  
രാത്രി ഒന്നര മണിക്കല്ല താമിറിനെ പൊലീസ് പിടികൂടുന്നത്. താനൂര്‍ ശോഭപറമ്പിന് അടുത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഇവരെ പൊലീസ് കൊണ്ടുപോയത്. അവിടെ വെച്ച് ക്രൂരമര്‍ദ്ദനവും മൂന്നാംമുറയുമാണ് ഇവര്‍ക്കേറ്റത്. രാത്രി ഒരുമണിയോടെ എസ്പിയുടെ പ്രത്യേക ഡാന്‍സാഫ് സംഘം താമിറിനെയും അഞ്ചുപേരെയും താനൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. 

മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രി പ്രതികളെ പിടികൂടി കൊണ്ടുവരുമെന്ന വിവരം രാവിലെ 11 മണിക്ക് തന്നെ താനൂര്‍ പൊലീസ് സ്‌റ്റേഷനിലുള്ളവര്‍ക്ക് വിവരം കിട്ടി. എസ്പിയുടെ പ്രത്യേക സംഘത്തില്‍ നിന്നാണ് വിവരം കിട്ടിയത്. താമിര്‍ ജിഫ്രി പുലര്‍ച്ചെ 4.25 ന് മരിച്ചിട്ട്, എഫ്‌ഐആര്‍ ഇടുന്നത് രാവിലെ 7.03 നാണ്. മരിച്ചയാളെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. 

പുലര്‍ച്ചെ 4.25 ന് താമിര്‍ മരിച്ചിട്ട് പൊലീസ് എഫ്‌ഐആര്‍ ഇടുന്നത് രാവിലെ എട്ടരയ്ക്കാണ്. എഫ്‌ഐആര്‍ പ്രകാരം എസ്‌ഐയും കൂട്ടരുമാണ് താമിറിനെയും മറ്റു പ്രതികളെയും കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡി മരണത്തില്‍ എസ്പി എട്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതില്‍ നാലുപേര്‍ എസ്പിയുടെ പ്രത്യേക സംഘമായ ഡാന്‍സാഫില്‍പ്പെട്ടവരാണ്. 

മുഖ്യമന്ത്രി പറഞ്ഞതു പ്രകാരം ഡാന്‍സാഫ് ചിത്രത്തിലെങ്ങുമില്ല. പിന്നെ എന്തിനാണ് ഡാന്‍സാഫ് സംഘത്തിലെ നാലുപേരെ കസ്റ്റഡി മരണക്കേസില്‍ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഷംസുദ്ദീന്‍ ചോദിച്ചു. പൊലീസ് റെക്കോഡില്‍ ഡാന്‍സാഫ് തൊട്ടിട്ടുപോലുമില്ല. പൊലീസിന്റെ കസ്റ്റഡിയില്‍ താമിറിന് ക്രൂരമര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ക്ക് 21 മുറിവുകള്‍ ഏറ്റിട്ടുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു. 

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...