പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പേരില്‍ വ്യാജ സന്ദേശം. സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തിരിക്കുന്നു എന്ന് കാണിച്ച് എസ്ബിഐയുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തിന്റെ കൂടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് സന്ദേശം ലഭിച്ചതായി നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.
ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബാങ്കിങ് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് അറിയിച്ചു.
എസ്ബിഐയുടെ പേരില്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ [email protected] ല്‍ കയറി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഫാക്ട് ചെക്ക് അറിയിച്ചു. ഇത്തരം വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് ആരും വിളിക്കില്ലെന്നും ഇ-മെയില്‍, എസ്എംഎസ് വഴി സന്ദേശങ്ങള്‍ അയക്കില്ലെന്നും എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ട്