ഡല്‍ഹി: മാംസം വിളമ്പി എന്നാരോപിച്ച് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എ എന്നീ സംഘടനകളും ജെഎൻയു വിദ്യാർഥി യൂനിയനും നൽകിയ പരാതിയിലാണ് കേസ്.
ഐപിസി 323, 341, 509, 506, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ പ്രതിഷേധിച്ചും അക്രമികളുടെ അറസ്റ്റ് ആവശ്യപ്പെട്ടും അർധരാത്രി രണ്ട് മണിയോടെ ഇരകളടക്കമുള്ള ഇടതു വിദ്യാർഥികൾ ഡൽഹി പൊലീസ് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ആർഎസ്എസ് വിദ്യാർഥി സംഘടനയുടെ ആക്രമണത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. തുടർന്നാണ് കേസെടുക്കാൻ പൊലീസ് തയാറായത്.
സംഭവത്തിൽ ജെഎൻയു അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹോസ്റ്റൽ വാർഡനിൽ നിന്നും സുരക്ഷാ ജീവനക്കാരിൽ നിന്നുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാല നിയമങ്ങൾ പ്രകാരം അക്രമികളായ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.