തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. തുടർച്ചയായ വിലയിടിവിന് പിന്നാലെയാണ് സ്വർണവിപണിയിൽ ശക്തമായ തിരിച്ചുവരവുണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 240 രൂപ വർധിച്ച് 11,540 രൂപയായി. ഒരു പവന് 1,920 രൂപ കൂടി 92,320 രൂപയിലെത്തി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ വർധിച്ച് 9,440 രൂപയായി. 14 കാരറ്റിന് 155 രൂപ കൂടി 7,395 രൂപയും 9 കാരറ്റിന് 95 രൂപ വർധിച്ച് 4,770 രൂപയുമായി.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ തിരിച്ചുവരവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കൻ സാമ്പത്തിക വിപണിയിലെ ചലനങ്ങൾ, ഓഹരി വിപണിയിലെ തിരിച്ചുവരവ്, ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവ്, പണപ്പെരുപ്പ ആശങ്കകളിലെ അയവ് എന്നിവ സ്വർണത്തിന് അനുകൂലമായി.
തുടർച്ചയായ ഇടിവുകൾക്കുശേഷം അന്താരാഷ്ട്ര വിപണിയിലും സ്വർണവില ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അമേരിക്കൻ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്നതിനിടയിലും സ്വർണവില ഉയർന്നത് വിപണിയിൽ ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
വാൾസ്ട്രീറ്റ് ഓഹരികൾ താഴ്ന്ന നിലവാരത്തിൽനിന്ന് തിരിച്ചുകയറിയതും അമേരിക്കൻ ട്രഷറി യീൽഡിലുണ്ടായ കുറവും സ്വർണവിപണിക്ക് ഉണർവേകി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള താൽപര്യം വീണ്ടും വർധിക്കുന്നതിന്റെ സൂചനകളാണ് വിപണിയിൽ പ്രകടമാകുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.




