കര്‍ണാടക: ക്ഷേത്ര പരിസരത്ത് മുസ് ലിങ്ങള്‍ കച്ചവടം ചെയ്യേണ്ടെന്ന് ആക്രോശിച്ച് ഉന്തുവണ്ടികളിലെ തണ്ണിമത്തനുകള്‍ റോഡിലെറിഞ്ഞ് ശ്രീരാമ സേന പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
കര്‍ണാടകയിലെ ധര്‍വാഡിലാണ് സംഭവം. ഇവിടുത്തെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നിലെ കച്ചവടക്കാര്‍ക്ക് നേരെയാണ് ശ്രീരാമ സേന പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ഉന്തുവണ്ടികളില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ കച്ചവടം ചെയ്തുവന്ന മുസ്ലിം കച്ചവടക്കാരാണ് ശ്രീരാമസേന പ്രവര്‍ത്തകരുടെ അതിക്രമത്തിന് ഇരയായത്.
നൂറുകണക്കിന് കിലോ തണ്ണിമത്തനാണ് നശിപ്പിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. കാവി ഷാളണിഞ്ഞ നിരവധി ശ്രീരാമസേന പ്രവര്‍ത്തകരാണ് കൂട്ടത്തോടെയെത്തി ഉന്തുവണ്ടികളിലിരുന്ന തണ്ണിമത്തനുകളും മറ്റും റോഡിലെറിഞ്ഞ് ഛിന്നഭിന്നമാക്കിയത്. നിരവധിയാളുകളും പൊലീസും നോക്കിനില്‍ക്കെയായിരുന്നു അതിക്രമം. എന്നാല്‍ ഇവരെ തടയാന്‍ പൊലീസ് തയാറാവാത്തതില്‍ വിമര്‍ശനം ശക്തമാണ്.
മുസ്ലിം പഴവര്‍ഗ കച്ചവടക്കാര്‍ക്കെതിരെയും കഴിഞ്ഞദിവസം ബഹിഷ്‌കരണ ആഹ്വാനം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ക്ഷേത്രത്തിന് പുറത്തെ കച്ചവടക്കാരില്‍ മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ഹിജാബ് വിലക്കിന് ശേഷം ഓരോരോ കാര്യങ്ങള്‍ ഉയര്‍ത്തി തീവ്ര ഹിന്ദുത്വ- സംഘ്പരിവാര്‍ സംഘടനകള്‍ മുസ്ലിങ്ങള്‍ക്കെതിരൈ വിദ്വേഷ പ്രചരണവും ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തുവരുന്നത് തുടരുകയാണ്.