മലപ്പുറം:ജില്ലയില്‍ രണ്ട് കുട്ടികളും സ്ത്രീയുമടക്കം മൂന്നുപേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്ത് പരിധിയിലാണ് രോഗബാധ. പത്തു വയസുകാരനാണ് ആദ്യം രോഗലക്ഷണമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂന്നുപേരുടെയും സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഒരു കുട്ടിയും സ്ത്രീയും ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ 140 വീടുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രദേശത്ത് ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളിലടക്കം പരിശോധന നടക്കും.
ജില്ലയില്‍ ഷിഗല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക അറിയിച്ചു.
ഷിഗല്ല കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. കുട്ടികളില്‍ രോഗംബാധിച്ചാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് അപകടവസ്ഥയിലാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം ബാധിക്കുക. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുശേഷമാണ് ലക്ഷണം കണ്ടുവരുന്നത്. ഒരാഴ്ചയോളം സമയംകൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍തന്നെ ചികിത്സ തേടണമെന്നും ഡിഎംഒ പറഞ്ഞു.