സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടപ്പറ്റ സ്വദേശിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ ഏപ്പിക്കാട് കുണ്ടംചോലയിലെ പാറമ്മല്‍ മുഹമ്മദാലി (41)യെ തട്ടിക്കൊണ്ടുപോയ കേസില്‍ പോരൂര്‍ തൊടികപ്പുലം സ്വദേശി പുല്ലാണിപ്പൂങ്കയില്‍ ഷാ മസൂദ് (35), ആലപ്പുഴ തൃക്കുന്നുപുഴ സ്വദേശികളായ മംഗലം മാധവ മന്ദിരത്തിലെ നിര്‍മ്മല്‍ മാധവ് (32), പതിയാങ്ങര അനീസ് മന്‍സിലിലെ അനീസ് വഹാബ് (33), വെള്ളയൂര്‍ തൊടികപ്പുലം നീലങ്ങാടന്‍ ജാഫര്‍ (42), മുട്ടത്തില്‍ ഉണ്ണി ജമാല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ പൊലീസ് എസ്എച്ച്‌ഒ കെ ആര്‍ രഞ്ജിത്തും സംഘവും തന്ത്രപരമായി വഴിക്കടവ് ചുരത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. പണമിടപാടുമായി ബന്ധപ്പെട്ട് ശനി പകല്‍ രണ്ടരയോടെയാണ് മുഹമ്മദാലിയെ വീടിനുമുന്നിൽനിന്ന് ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോയത്. മുഹമ്മദാലിയുടെ സഹോദരന്‍ കുഞ്ഞുമൊയ്തീന്‍ നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്. അറസ്റ്റിലായ പ്രതികള്‍ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പൂക്കോട്ടുംപാടം എസ്ഐ തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ ലിതിഷ്, സര്‍ജസ്, വിഷ്ണു, മേലാറ്റൂര്‍ സ്റ്റേഷനിലെ സുഭാഷ്, ചന്ദ്രദാസ്, സുരേന്ദ്രബാബു എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.