പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു കുറയ്ക്കാന്‍ ജെയ്ക്കിനായി. പുതുമുഖം മത്സരരംഗത്തു വരുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജെയ്ക്കിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച ഏക പേര് ജെയ്ക്കിന്റേതാണ്.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ജെയ്ക്ക് നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ പദവികളും വഹിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിയും ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.