മറയൂരിൽ സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാകും സർജറി നടക്കുക. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു.
ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രില്ലർ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ. കുര്യന്‍, വാർത്താപ്രചരണം: സ്‌നേക്ക് പ്ലാന്റ്.