നിലമ്പൂര്‍: കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ കാളികാവ് പോലീസ് കേസെടുത്തു. ടൂര്‍ണമെന്റ് കമ്മിറ്റിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്താണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കളി തുടങ്ങാനിരിക്കെ അപകടമുണ്ടായത്. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ മുളയും കവുങ്ങും കൊണ്ട് കെട്ടി താത്കാലിക ഗ്യാലറി ആളുകള്‍ നിറഞ്ഞുനില്‍ക്കെ നിലംപൊത്തിവീണത്. ഗ്യാലറിയില്‍ സ്ഥാപിച്ച ഫ്‌ളഡ്‌ലിറ്റ് അടക്കം തകര്‍ന്നുവീണു. അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പതിനഞ്ചോളം പേര്‍ക്ക് സാരമായി പരിക്കേറ്റു.ഫൈനല്‍ മത്സരമായിരുന്നു കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്നത്. ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയില്‍ പതിനായിരത്തോളം പേര്‍ എത്തിയെന്നാണ് പറയുന്നത്. കളി കാണാന്‍ വന്‍ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. കഴിഞ്ഞദിവസമുണ്ടായ മഴകാരണം താത്കാലിക ഗ്യാലറിയുടെ കവുങ്ങില്‍ കാലുകള്‍ മണ്ണില്‍ പുതിര്‍ന്നതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഗ്യാലറി സ്ഥാപിച്ചതെന്നും മതിയായ സുരക്ഷാപരിശോധന നടത്തിയിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.