സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ നീക്കങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കോടതിയും പൊലീസും അന്വേഷണ ഏജൻസികളും പിണറായി വിജയനെ ഏറെക്കാലമായി വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ കേരളത്തിന്റെ വികാരമാണെന്നും ലാവ്ലിൻ കേസ് ചരിത്രം ഇതിന് ഉദാഹരണമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ടെങ്കിലും അതിനെ വിമർശിക്കാനുള്ള അവകാശവും എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള മാർഗങ്ങൾ പരിശോധിക്കും. ഇപ്പോഴത്തെ നടപടികൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും ഇത് അന്തിമ വിധിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സാലോജിക്കുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കേസെടുക്കാമല്ലോയെന്ന് ടിപി രാമകൃഷ്ണൻ ചോദിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇഡി വെറുതെ വിടില്ലെന്നും ഇഡി കേസെടുക്കാത്തത് ആരോപണത്തിൽ കഴമ്പില്ലെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസിൽ പട്ടികയിലുള്ള മറ്റുള്ളവരെക്കുറിച്ചും അന്വേഷിക്കണം. ഒരു പ്രശ്നം തുടർച്ചയായി സജീവമായി നിലനിർത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകർക്കാമെന്നാണ് ചിലർ കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുകയല്ലാതെ മറ്റ് മാർഗമില്ലെന്നും കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് കേസിൽ കേരള സർക്കാർ സ്വതന്ത്രമായും ശരിയായും നിലപാട് സ്വീകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ എസ്ഐആർ (SIR) അട്ടിമറി നടന്നെന്ന അഭിജീത് ദീപ്കെയുടെ വെളിപ്പെടുത്തലിലും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന ആരോപണം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കി നിലപാട് സ്വീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ സമീപനം വ്യക്തമാക്കണമെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് പാരിതോഷികമായാണ് രത്തൻ ഖേൽക്കറെ നിയമിച്ചതെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.




