വഴിക്കടവ്: പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ കമന്റിട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം വഴിക്കടവ് മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം ഷറഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് ലോക്കല്‍ കമ്മിറ്റിയുടെ പരസ്യ ശാസന. പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് സുബൈര്‍ വധത്തില്‍ പ്രതിഷേധിക്കുക എന്ന പോസ്റ്റില്‍ സര്‍ഫുദ്ദീന്‍ കമന്റിട്ടതിലാണ്‌നടപടി. ‘അള്ളാഹു സ്വര്‍ഗം നല്‍കട്ടെ’ എന്നായിരുന്നു ഷറഫുദ്ദീന്‍ കറളിക്കാടിന്റെ ഷറഫുദ്ദീന്‍ ഷറഫു എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്റ്. സംഭവം വിവാദമായതോടെ അംഗത്തിനെ ലോക്കല്‍ കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. അബദ്ധം പറ്റിയതാണെന്ന അംഗത്തിന്റെ അഭ്യര്‍ഥനയില്‍ നടപടി ശാസനയില്‍ ഒതുക്കുകയായിരുന്നു.
എന്നാല്‍ ഒരു വിഭാഗം ശക്തമായ നടപടി ആവശ്യപ്പെട്ടതോടെ നടപടിക്കായി ഏരിയ കമ്മറ്റിയിലേക്ക് ശുപാര്‍ശ ചെയ്തു.