ഓണ്‍ലൈന്‍ വായ്പ തട്ടിപ്പിനെതിരെ കര്‍ശന നടപടിയുമായി കേരള പൊലീസ്. 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കി. സൈബര്‍ ഓപ്പറേഷന്‍ എസ് പി ഹരിശങ്കറാണ് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ് നല്‍കിയത്. മൗറീഷ്യസ്, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം.
തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കടുപ്പിക്കുന്നത്. അനധികൃത ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ചൈന, മൗറീഷ്യസ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലാണെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുളള പരാതികള്‍ അറിയിക്കാന്‍ പൊലീസ് വാട്‌സ്ആപ്പ് നമ്പര്‍ ഒരുക്കിയിരുന്നു. 94 97 98 09 00 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്. 24 മണിക്കൂറും പൊലീസിനെ വിവരങ്ങള്‍ അറിയിക്കാം. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക.
ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്ത കടമക്കുടിയിലെ ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്തിരുന്നു. എടുത്ത തുക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് കുടുംബം ജീവനൊടുക്കുകയായിരുന്നു. ഓണ്‍ലൈന്‍ വായ്പ കമ്പനിയുടെ ഭീഷണിക്ക് പുറമേ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു കുടുംബം. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശില്‍പ, മക്കളായ ഏബല്‍ (7), ആരോണ്‍(5) എന്നിവരാണ് മരിച്ചത്. ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി അരിമുള സ്വദേശി അജയന്‍(43) എന്നയാളും ജീവനൊടുക്കിയിരുന്നു. ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു അജയന്‍.