കോതമംഗലം: കേരളത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം ലഭിക്കുന്ന കേന്ദ്രമായി തട്ടേക്കാടിനെ കണ്ടെത്തി. വനപ്രദേശങ്ങളോട് ചേർന്ന മേഖലകളിലെ വായുവിന്റെ ഗുണനിലവാരം വിലയിരുത്താൻ നടത്തിയ സമഗ്ര പഠനത്തിലാണ് മാലിന്യമുക്തമായ ശുദ്ധവായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട് മുന്നിലെത്തിയത്. വനാന്തരങ്ങളിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മ കാലാവസ്ഥ (Microclimate) തട്ടേക്കാട് പ്രദേശത്തും നിലനിൽക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കേവലം 25.16 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പക്ഷിസങ്കേതം സംസ്ഥാനത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ മുൻപന്തിയിലാണെന്ന് പഠനഫലം വീണ്ടും അടിവരയിടുന്നു.
പഠനം 30 കേന്ദ്രങ്ങളിൽ; തട്ടേക്കാടിനൊപ്പം സൈലന്റ് വാലിയും
വനം വകുപ്പിന്റെ നിർദ്ദേശപ്രകാരം നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററാണ് പഠനം നടത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ വന പരിസ്ഥിതി മേഖലകളിലെ ഏകദേശം 30 സ്ഥലങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന.
വായു ഗുണനിലവാര സൂചികയിൽ (AQI) ഏറ്റവും മികച്ചതായ 0 മുതൽ 50 വരെയുള്ള ശ്രേണിയിലാണ് തട്ടേക്കാട് ഇടംപിടിച്ചത്. ഇതേ വിഭാഗത്തിൽ ഉൾപ്പെട്ട കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രം സൈലന്റ് വാലിയാണ്.
| സൂചികാ നിരക്ക് | വായുവിന്റെ അവസ്ഥ |
| 0 – 50 | ഏറ്റവും നല്ല ശുദ്ധവായു (തട്ടേക്കാട്, സൈലന്റ് വാലി) |
| 51 – 100 | മിതമായ നില |
| 101 – 150 | മോശം നില |
| 151 – 200 | ആരോഗ്യത്തിന് ഹാനികരമായ നി |
പഠനത്തിന് പിന്നിൽ: നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ഓഡിറ്ററും ആരക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളേജിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സ്റ്റെഫി ജെയിംസ്, കൊച്ചിൻ ഷിപ്പ്യാർഡിലെ മുൻ ചീഫ് സേഫ്റ്റി ഓഫീസറും കൗൺസിൽ ഓണററി സെക്രട്ടറിയുമായ എ.എൽ. ജാക്സൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകി റിപ്പോർട്ട് സമർപ്പിച്ചത്.
പഠനത്തിന്റെ ഭാഗമായി ഡോ. സ്റ്റെഫി ജെയിംസും എ.എൽ. ജാക്സണും തട്ടേക്കാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.ടി. ഔസേപ്പിനൊപ്പം സ്ഥലപരിശോധനയും നടത്തിയിരുന്നു. തട്ടേക്കാടിന്റെ വനസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.




