മണ്‍സൂണ്‍ കാലയളവില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ലഭിക്കുന്ന മഴയുടെ സ്വഭാവത്തില്‍ വ്യതിയാനം വന്നതായി പഠനം. ഉയര്‍ന്ന സംവഹനശേഷിയുള്ള കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ക്രമാനുഗതമായി കൂടുന്നതാണ് കാരണം. ഇത് കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ മഴ കനക്കാന്‍ ഇടയാക്കും.
കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് അഭിലാഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് കേരളത്തില്‍ കനത്ത മഴ പ്രവചിക്കുന്നത്. പഠനം നേച്ചര്‍ മാഗസിന്റെ പോര്‍ട്ട്ഫോളിയോ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. രണ്ടു പതിറ്റാണ്ടുകളിലെ മഴയുടെ ഘടനയെക്കുറിച്ചായിരുന്നു പഠനം. മേഘങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്നു. ഇതോടെ മേഘപാളികളില്‍ രൂപപ്പെടുന്ന ഐസിന്റെ സാന്നിധ്യത്തില്‍ മഴരൂപീകരണ പ്രക്രിയ ത്വരിതപ്പെടുകയും മഴവെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുന്നതായി പഠനത്തില്‍ വ്യക്തമായി. കൂമ്പാരമേഘങ്ങളുടെ മാറ്റം കൂടുതലും കാണുന്നത് കേരളത്തോടുചേര്‍ന്നുള്ള കടല്‍ത്തീരത്താണ്.
2018 ആഗസ്തില്‍ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം കൂമ്പാരമേഘങ്ങളും തുടര്‍ന്നുണ്ടായ ലഘു മേഘവിസ്ഫോടനവും ആണെന്നാണ് മുന്‍പഠനങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ മേഘവിസ്ഫോടനങ്ങള്‍ക്ക് കാരണമായിത്തീരുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്തുണ്ടാകുന്നത്. മഴയുടെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വര്‍ധിക്കുന്നതും ഇതിന്റെ സൂചകങ്ങളാണ്. പടിഞ്ഞാറന്‍ തീരത്തോടുചേര്‍ന്ന് അറബിക്കടലിന്റെ ഉപരിതലത്തില്‍ ആശങ്കാവഹമായി വര്‍ധിക്കുന്ന താപനില, തീരത്തോട് ചേര്‍ന്നുള്ള ദക്ഷിണേഷ്യന്‍ സമ്മര്‍-മണ്‍സൂണ്‍ പ്രവാഹം, ഇതിനോട് അനുബന്ധിച്ച തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗവര്‍ധന എന്നിവ മഴയുടെ ഘടനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.