കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ്. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു കാലുവാരിയെന്ന് ആക്ഷേപിച്ചാണ് എം.എസ്.എഫ് മുന്നണി വിട്ടത്. ഇനി കാമ്പസുകളില്‍ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവെച്ചു.
കാമ്പുസുകളില്‍ ഇനി എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനമായി. എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നഷ്ടപ്പെടാന് കാരണം കെഎസ്യു വോട്ടുമറിച്ചതാണെന്ന് ഇന്നലെ ചേര്‍ന്ന് എംഎസ്എസ് സംസ്ഥാന സെക്രട്ടറിയറ്റില്‍ അഭിപ്രായമുണ്ടായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന്റെ ഫെസ്ബുക്ക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി കെഎസ് യുവിനെതിരെ പരോക്ഷ വിമര്‍ശനമുണ്ടായിരുന്നു. ട്രഷറര്‍ അഷര്‍ പെരുമുക്കും കെഎസ്യുവിനെതിരെ രംഗത്തെത്തി. പിന്നില്‍ നിന്ന് കുത്തുന്ന കുലം കുത്തികള്‍ക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തില്‍ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷര്‍ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഉജ്വല വിജയം നേടിയിരുന്നു. അഞ്ച് ജനറല്‍ സീറ്റ് ഉള്‍പ്പെടെ പത്തില്‍ ഒമ്പതും എസ്എഫ്ഐ സ്വന്തമാക്കി. മലപ്പുറം ജില്ലാ നിര്‍വാഹക സമിതി അംഗം ജയിച്ചതുമാത്രമാണ് എംഎസ്എഫിന് ആശ്വാസമായത്.