പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ/ടെൽ അവീവ്: പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും കൊടുമ്പിരിക്കൊള്ളുന്നു. ഇരുരാജ്യങ്ങളും എത്രയും വേഗം വെടിനിർത്താൻ തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളോട് ഇനി പ്രത്യാക്രമണം നടത്തരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് നേരിട്ട് ആവശ്യപ്പെട്ടതായും ട്രംപ് വ്യക്തമാക്കി. പുതിയ സൈനിക നീക്കങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടൽ.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രധാന നഗരങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയിൽ വെടിനിർത്തലിനും സമാധാന ചർച്ചകൾക്കുമുള്ള സാധ്യതകൾ സജീവമാകുന്നതിനിടെയാണ് വീണ്ടും യുദ്ധം കനക്കുന്നത്.

അമേരിക്കൻ നിർദ്ദേശം തള്ളി ഇസ്രയേൽ തിരിച്ചടി

ഫെബ്രുവരി 28-നായിരുന്നു ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. യുദ്ധത്തിന്റെ നൂറാം ദിനത്തിലേക്ക് കടക്കുന്ന വേളയിലാണ് പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. എന്നാൽ ഈ മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തകർത്തെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ (IDF) അവകാശവാദം.

ഇറാനെതിരെ പ്രത്യാക്രമണം വേണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം അവഗണിച്ചാണ് ഇസ്രയേൽ മണിക്കൂറുകൾക്കകം ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബോംബാക്രമണം നടത്തിയത്. ഇസ്രയേലിന്റെ മുൻകാല ലെബനോൻ ആക്രമണങ്ങളെയും ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇറാനിലെ നിരവധി താമസസമുച്ചയങ്ങൾ തകർന്നതായാണ് റിപ്പോർട്ടുകൾ.

ഭീഷണിയുമായി ഇരുപക്ഷവും; അടിയന്തര യോഗം വിളിച്ച് നെതന്യാഹു

മേഖലയിലെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര മന്ത്രിസഭായോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇസ്രയേലിനെതിരെയുള്ള തങ്ങളുടെ സൈനിക നീക്കങ്ങൾ ഇനിയും ഒരാഴ്ചയോളം നീണ്ടുനിൽക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചപ്പോൾ, ഇറാന്റെ ഭീഷണിയെ പൂർണ്ണമായി ചാമ്പലാക്കുമെന്നാണ് ഇസ്രയേൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ യുദ്ധം ശക്തമാക്കുന്നത് ആഗോള തലത്തിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

spot_img

Related news

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; പിന്നാലെ സുനാമി; മൂന്ന് മരണം, വ്യാപക നാശനഷ്ടം

മനില: ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്...

വാഹനം കേടായി, വഴിതെറ്റി; സഹാറയിൽ 50 പേരുടെ ജീവനെടുത്ത് കടുത്ത നിർജ്ജലീകരണം

വടക്കൻ നൈജറിലെ സഹാറ മരുഭൂമിയിൽ വൻ ദുരന്തം. മരുഭൂമിയുടെ ഉൾഭാഗത്ത് വെച്ച്...

ഭൂമിക്കായി കൈകോർക്കാം; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം. പ്രകൃതിയെയും ഭൂമിയുടെ ആവാസവ്യവസ്ഥയെയും...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി...

നീറ്റ് യുജി പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി (NEET-UG) പരീക്ഷയുടെ പുതുക്കിയ...