എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ഇനി പത്രവായനയും അനിവാര്യം. ഈ പരീക്ഷകളില്‍ തുടര്‍മൂല്യനിര്‍ണയത്തിനു നല്‍കുന്ന 20% മാര്‍ക്കില്‍ പകുതി പത്രപുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തിറക്കും. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 20 മാര്‍ക്കും 50 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കുമാണു തുടര്‍മൂല്യ നിര്‍ണയത്തിലൂടെ സ്‌കൂള്‍തലത്തില്‍ നല്‍കുന്നത്. പഠനാനുബന്ധപ്രവര്‍ത്തനങ്ങളിലെ മികവു പരിഗണിച്ചാണ് ഈ മാര്‍ക്ക് നിശ്ചയിക്കുന്നത്. ഇതില്‍ 10 മാര്‍ക്ക് പത്രപുസ്തക വായനയിലുള്ള താല്‍പര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കാനാണു തീരുമാനം. പത്രവായനയിലൂടെയും പുസ്തകവായനയിലൂടെയും സാമൂഹികാവബോധവും വിശാലമായ അറിവും നേടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും വി.ശിവന്‍കുട്ടിവ്യക്തമാക്കി.
ഗ്രേസ് മാര്‍ക്കും നേടാം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കു പത്രവായനയിലൂടെ ഗ്രേസ് മാര്‍ക്കു നേടാനും അവസരമുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാര്‍ത്താവായന മത്സരത്തിലൂടെയാണിത്. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയാണു മത്സരം. മലയാളത്തിലെ 3 പ്രമുഖ ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി നിശ്ചിതസമയത്തിനുള്ളില്‍ വാര്‍ത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്നതാണു മത്സരം. സംസ്ഥാനതലത്തില്‍ ആദ്യ 3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,17,14 മാര്‍ക്ക് വീതം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കായിലഭിക്കും.