കോഴിക്കോട്: എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാലിലെ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്കായാണ് സഹായം.
50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സാ ദൗത്യത്തിനായി ഒരു നാട് ഒന്നാകെ കൈകോർക്കുന്നതിനിടെയാണ് യൂസഫലിയുടെ സഹായ പ്രഖ്യാപനം. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം 16.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കുടുക്ക പൊട്ടിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും നാട്ടുകാർ ചികിത്സാ സഹായം സമാഹരിച്ചുവരികയാണ്. എം.എ. യൂസഫലി പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ സഹായം ഇന്ന് ഉച്ചയ്ക്ക് കുട്ടികളുടെ വീട്ടിലെത്തി നേരിട്ട് കൈമാറും. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജും കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്നാണ് തുക കൈമാറുക.
കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭിച്ച് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെയെന്നും ചികിത്സാ ദൗത്യത്തിൽ പങ്കാളികളാകുന്നവരുടെ കൂട്ടായ പരിശ്രമം വിജയത്തിലെത്തട്ടെയെന്നും എം.എ. യൂസഫലി ആശംസിച്ചു.




