മലപ്പുറം: ലൈഫ് മിഷൻ മുഖേന വീടിന് അപേക്ഷ നൽകിയവരിൽ അർഹത നേടിയവരെ ഉൾപ്പെടുത്തിയുള്ള കരടു പട്ടിക മാർച്ച് 15-ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങൾ വാർഡ് അടിസ്ഥാനത്തിലാണ് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിൽ ഇടംപിടിക്കാത്ത അപേക്ഷകരുടെ പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഇവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ടാകും. മാർച്ച് 22 -നകം ഒന്നാം അപ്പീൽ അധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ഏപ്രിൽ ആറിനകം രണ്ടാംഘട്ട അപ്പീൽ അധികാരിയായ ജില്ലാകളക്ടർക്കും പരാതി നൽകാം. ഏപ്രിൽ 13-നകം അപ്പീൽ തീർപ്പാക്കി 16-ന് കരടുപട്ടിക പ്രസിദ്ധീകരിക്കും. ഏപ്രിൽ 26-നകം ഗ്രാമസഭാ അംഗീകാരവും 28 -ന് ഭരണസമിതി അംഗീകാരവും നേടി 30 -ന് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന വിധത്തിലാണ് പ്രവർത്തനകലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.