മലപ്പുറം: സമസ്ത വേദിയില്‍ പത്താം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വിലക്കിയ മുശാവറ അംഗത്തിന്റെ നടപടിയെ വിമര്‍ശിച്ച് കെ.ടി.ജലീല്‍ രംഗത്ത്. ലീഗിന്റെ നിലപാടാണോ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതെന്ന് കെ. ടി ജലീല്‍ ചോദിച്ചു.ഇക്കാര്യത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണം .ഈ വിഷയത്തില്‍ കെഎസ് യൂ വിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്പര്യം ഉണ്ടെന്നും കെടി ജലീല്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം:-
മുതിർന്ന മുസ്ലിം പെൺകുട്ടികൾ സ്റ്റേജിൽ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാർത്ത, സമീപ കാലത്ത് കേൾക്കേണ്ടിവന്ന അറുവഷളൻ ന്യുസുകളിൽ ഒന്നാണ്. ചിലർ വായ തുറക്കാതിരുന്നെങ്കിൽ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂർവ്വം പേരെങ്കിലും നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്.
“നിങ്ങൾ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക”യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവർ അനുസരിച്ചിരുന്നെങ്കിൽ താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേൽ അപഹാസ്യമാകുമായിരുന്നില്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിൻ്റെ ശിൽപികളായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സയ്യിദ് അസ്ഹരി തങ്ങളും ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ല്യാരും നയിച്ച പണ്ഡിത സഭ സമൂഹ മദ്ധ്യത്തിൽ അവവേളിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത നേതാക്കളും പ്രവർത്തകരും കാണിക്കണം. ഭൂമിലോകത്ത് മൂന്നാം കണ്ണായി ക്യാമറക്കണ്ണുകളും ഉണ്ടെന്ന വിചാരം അശ്രദ്ധമായി അഭിപ്രായ പ്രകടനം നടത്തുന്നവർക്ക് മേലിലെങ്കിലും ഉണ്ടാകണം.
എന്നെ അതിശയപ്പെടുത്തിയ കാര്യം മുസ്ലിംലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ സംസ്ഥാന പ്രസിഡണ്ട് മുൻ ചൊന്ന ഉസ്താദിന് സംഭവിച്ച അബദ്ധത്തെ ഉളുപ്പില്ലാതെ വെള്ളപൂശിയതാണ്. ഹരിത പെൺകുട്ടികളുടെ ശര തുല്യമായ ചോദ്യങ്ങളുടെ ചാട്ടവാറടിയേറ്റ് പുളഞ്ഞ അതേ നേതാവ് എം.എസ്.എഫിൻ്റെ നേതൃപദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. കെ.എം സീതി സാഹിബെന്ന മഹാമനീഷി രൂപം നൽകുകയും സി.എച്ച് എന്ന രണ്ടക്ഷരം കൊണ്ട് മലയാളിയുടെ മനസ്സ് കവർന്ന കോയാ സാഹിബ് ജനകീയമാക്കുകയും ചെയ്ത സംഘടനയുടെ അമരത്തിരിക്കാൻ സർവ യോഗ്യരായ മിടുക്കൻമാരെ തഴഞ്ഞ് അവിവേകികളെ അവരോധിച്ചാൽ ഇതിലപ്പുറം സംഭവിച്ചില്ലെങ്കിലേ അൽഭുതമുള്ളൂ.നാറിയവരെ പേറിയാൽ, പേറിയവർ നാറുമെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല.
മുസ്ലിംലീഗിൻ്റെ നിലപാടാണോ എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ്റെ നാവിൻ തുമ്പിലൂടെ വെളിപ്പെട്ടതെന്ന് ലീഗ് നേതൃത്വം വെക്തമാക്കണം. കേരളത്തിലെ UDF മുന്നണിയിലെ ഘടക കക്ഷിയായ ലീഗിൻ്റെ വിദ്യാർത്ഥി സംഘടന സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ച അറുപിന്തിരിപ്പൻ സമീപനത്തോട് UDSF ന് നേതൃത്വം നൽകുന്ന കെ.എസ്.യു വിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ മലയാളക്കരക്ക് താൽപര്യമുണ്ട്.
സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനുള്ള നിരോധനം സൗദി ഗവ: നീക്കിയത് മാസങ്ങൾക്ക് മുൻപാണ്. അതോടെ ആയിരക്കണക്കിന് സ്ത്രീകളാണ് അവിടെ ഡ്രൈവർമാരായി വന്നത്. ഇക്കാലമത്രയും ഒരു വനിതയെ നയതന്ത്ര പ്രതിനിധിയായി ലോകത്ത് ഒരു രാജ്യത്തേക്കും അയക്കാത്ത അറുപഴഞ്ചൻ ദുശ്ശാഠ്യം വിശുദ്ധ മക്കയുടെയും മദീനയുടെയും അവകാശികളായ സൗദ്യ അറേബ്യ തിരുത്തി. അതേ തുടർന്നാണ് റീത്താ ബിൻത് രാജകുമാരി ചരിത്രത്തിലാദ്യമായി അമേരിക്കയിലെ സൗദി അറേബ്യൻ അംബാസഡറായത്. ലോകം വിശാലമാകുമ്പോൾ ഇങ്ങ് കൊച്ചു കേരളത്തിൽ മുസ്ലിം സമൂഹത്തിൻ്റെ പുരോഗതിക്ക് മുന്നിൽ എന്തിന് വെറുതെ വാതിലുകൾ കൊട്ടിയടച്ച് അവരെ ഇരുട്ടിലേക്ക് തള്ളണം?