കൊല്‍ക്കത്ത: അന്തരിച്ച ബോളിവുഡ് ഗായകന്‍ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) യുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ്. കെകെയുടെ ശരീരത്തില്‍ തലയിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പോലിസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഗ്രാന്‍ഡ് ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
ആല്‍ബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും ഹിന്ദി സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.