കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പി.എം.എൽ.എ (PMLA) കോടതി. കേസിൽ എ.സി. മൊയ്തീൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. നേതാക്കൾ ഉൾപ്പെടെ പ്രതിപ്പട്ടികയിലുള്ള 28 പേർക്കും കോടതി സമ്മൻസ് അയച്ചു. അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. അതേസമയം കേസിലെ രണ്ട് വനിതാ പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാക്കളെ നേരിട്ട് വിചാരണയിലേക്ക് നയിക്കുന്നതാണ് പി.എം.എൽ.എ കോടതിയുടെ പുതിയ നടപടി. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ഉണ്ടെന്നാണ് കോടതി നിരീക്ഷണം. അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയിലെ 28 പേർക്കും കോടതി സമ്മൻസ് അയച്ചിരിക്കുന്നത്.
അതേസമയം, കേസിൽ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ മുൻ ബാങ്ക് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ടി.ആർ. സുനിൽകുമാറിന്റെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ.
ആദ്യം സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് 108 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് സി.പി.എം നേതാക്കളായ ബാങ്ക് സെക്രട്ടറി അടക്കം ആറുപേരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്.
ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, ബിജുവിന്റെ ഭാര്യ, മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് കേസിൽ ഭരണസമിതിയംഗങ്ങളല്ലാത്ത പ്രധാന പ്രതികൾ. കോടതി വിചാരണാ നടപടികളിലേക്ക് കടക്കുന്നതോടെ വരും ദിവസങ്ങളിൽ കരുവന്നൂർ കേസ് കേരള രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിതുറക്കും.




