സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍വരെ മഴ ഇവിടങ്ങളില്‍ പെയ്യാം. മറ്റു 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
കേരള ലക്ഷദ്വീപ് തീരത്തിനുമുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തുനിന്ന് അകലുകയാണെങ്കില്‍ മഴയുടെ ശക്തികുറയും. അല്ലാത്തപക്ഷം ശക്തമായ മഴ തുടരാനാണ് സാധ്യത.
17ന് കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ കേരളതീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. കടലോരകായലോരമലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തി.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ കേരളത്തില്‍ 19 ശതമാനം അധികമഴ പെയ്തു. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ വരവ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.