സ്ത്രീധനത്തെച്ചൊല്ലി യുവതിയ്ക്ക് ക്രൂരപീഡനം. സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് സൂററ്റില്‍യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് ഇലക്ട്രിക് ഷോക്കടിപ്പിച്ചു. കേസില്‍ യുവതിയുടെ ഭര്‍ത്താവ് മൗലിക് പലാഡിയ, ഇദ്ദേഹത്തിന്റെ പിതാവ് കാന്തി, അമ്മാവന്‍ വിപുല്‍, അമ്മാവന്റെ ഭാര്യ സംഗീത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് യുവതിയ്ക്ക് നേരെ പീഡനങ്ങള്‍ രൂക്ഷമായത്. തുടര്‍ന്ന് ഒക്ടോബര്‍ 18ന് ഇവര്‍ പരാതി നല്‍കുകയായിരുന്നു.
2022 ജനുവരി 24നാണ് മൗലിക് യുവതിയെ വിവാഹം കഴിച്ചത്. ഒരു കൂട്ടുകുടുംബമായിരുന്നു മൗലികിന്റേത്. വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ പിന്നീട് വീട്ടുജോലികളുടെ പേരില്‍ കുടുംബാംഗങ്ങള്‍ യുവതിയോട് വഴക്ക് ആരംഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ക്രൂരമായ പീഡനങ്ങള്‍ തുടങ്ങിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ഈ സംഭവത്തിന് ശേഷം യുവതി തന്റെ സഹോദരനെ വിളിച്ച് വരുത്തി. സഹോദരന്‍ യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ട് വിഷയം ഒത്തുതീര്‍പ്പാക്കി. ഇതേത്തുടര്‍ന്ന് യുവതി വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
എന്നാല്‍ വീണ്ടും ഭര്‍ത്താവും വീട്ടുകാരും യുവതിയ്ക്ക് നേരെ പീഡനം തുടര്‍ന്നു. സ്ത്രീധനമില്ലാതെ വന്നുവെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഒക്ടോബര്‍ 12ന് ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് യുവതിയെ ക്രൂരമായി തല്ലിയിരുന്നു. മര്‍ദനത്തിന് ശേഷം ഇവര്‍ യുവതിയെ വീടിന് പുറത്ത് തള്ളി. പത്ത് ലക്ഷം രൂപ സ്ത്രീധനവുമായി വന്നാല്‍ മാത്രമേ വീട്ടിനുള്ളില്‍ കയറ്റൂവെന്നും ഇവര്‍ പറഞ്ഞു.
ഉടന്‍ തന്നെ യുവതി അടിയന്തര സഹായത്തിനായി പോലീസില്‍ ബന്ധപ്പെട്ടു. പോലീസ് എത്തി യുവതിയെയും പ്രതികളെയും പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അപ്പോഴും യുവതിയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കുന്നതില്‍ നിന്നും യുവതിയെ പിന്തിരിപ്പിച്ചു.
ഒക്ടോബര്‍ 13ന് ഭര്‍ത്താവ് മൗലിക് യുവതിയുടെ സഹോദരനെ വിളിച്ച് ഭീഷണി മുഴക്കിയതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ യുവതി തീരുമാനിച്ചത്. സ്ത്രീധനമില്ലാതെ തന്റെ വീട്ടിലേക്ക് യുവതി കയറിയാല്‍ അവളെ കൊല്ലുമെന്നായിരുന്നു മൗലികിന്റെ ഭീഷണി. ഇനിയും പീഡനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് യുവതി തന്നെ അംറോളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.