വ്യവസായ വണിജ്യ മേഖലയിലെ വൈദ്യുതി നിരക്ക് വർധന ഹൈക്കോടതി സ്റ്റേ ചെയ്തത് എല്ലാ വിഭാഗം ജനങ്ങൾക്കും താത്കാലികമായെങ്കിലും ആശ്വാസമാകും. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വർധനയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തിൽ കോടതിയുടെ അന്തിമ വിധി വരെ എല്ലാ വിഭാഗത്തിന്റേയും നിരക്ക് വർധിപ്പിക്കാനുള്ള നീക്കം റെഗുലേറ്ററി കമ്മീഷൻ നിർത്തി വയ്ക്കും. ജൂലൈ ആദ്യം നിരക്കു വർധന പ്രഖ്യാപിക്കാൻ റെഗുലേറ്റേറി കമ്മീഷൻ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് സ്റ്റേ. ജൂലൈ 10ന് ഹർജി വീണ്ടും പരിഗണിക്കും.
വ്യവസായ വാണിജ്യ മേഖലയിലുള്ളവരാണ് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുതി ഉപയോഗിക്കുന്നത്. ഈ വിഭാഗത്തിന്റെ നിരക്ക് വർധനയാണ് സ്റ്റേ ചെയ്തത്. എന്നാൽ, എല്ലാ വിഭാഗങ്ങൾക്കും പൊതുവായ നടപടി ക്രമത്തിലൂടെയാണ് റെഗുലേറ്ററി കമ്മീഷൻ നിരക്ക് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഇടക്കാല ഉത്തരവിലെ സ്റ്റേ ഒഴിവായാൽ മാത്രമേ നിരക്ക് വർധിപ്പിക്കാനുള്ള തുടർ നടപടികളുണ്ടാവൂ.
ഈ മാസം 15-ഓടെ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിരുന്നു ഒരുങ്ങിയത്. അതിനിടെയാണ് വൈദ്യുതിക്ക് സർചാർജ് പ്രഖ്യാപിക്കേണ്ടി വന്നത്. 10 പൈസ കമ്മീഷൻ പ്രഖ്യാപിച്ചപ്പോൾ കെഎസ്ഇബി സ്വന്തം അധികാരം ഉപയോഗിച്ച് ഒൻപത് പൈസ കൂടി സർചാർജ് ചുമത്തി. ഇതോടെ യൂണിറ്റിന് 19 പൈസ വർധിച്ചു. ജനരോഷം ഉയരുമെന്നു ഉറപ്പുള്ളതിനാൽ പുതിയ നിരക്ക് പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാൻ കമ്മിഷൻ തന്നെ തീരുമാനിച്ചിരുന്നു. ഈ മാസം 30-വരെയാണ് നിലവിലെ നിരക്കിന്റെ കാലാവധി. ഈ സമയ പരിധി കമ്മീഷൻ നീട്ടിയേക്കും.