സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ,കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകള്‍ക്കകം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് പശ്ചിമബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതചുഴിയും നിലനില്‍ക്കുന്നു.
കര്‍ണാടക തീരത്ത് 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം, ഒക്ടോബര്‍ മാസത്തില്‍ സാധാരണ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസം പ്രവചിച്ചിരുന്നു. ഒക്ടോബര്‍ രണ്ട് വരെ മഴ തുടര്‍ന്നേക്കും.