തലശ്ശേരി
ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിനും ഒന്നരലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ലോറിെ്രെഡവറായ ഇരിവേരി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസില്‍ കെ.സി. അരുണിനെ (43) ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. വലിയന്നൂര്‍ ബിജിനാലയത്തില്‍ പി.കെ. ബിജിനയാണ് (26) കൊല്ലപ്പെട്ടത്.
ബിജിനയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും മൂന്നുമാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ നാലുമാസംകൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ ഹാജരായി.
പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച രാവിലെ വിധിച്ച കോടതി ഉച്ചയ്ക്കുശേഷമാണ് ശിക്ഷിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിനും ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിനും പ്രതിയെ പ്രത്യേകം ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
കൊലപാതകം നടക്കുമ്പോള്‍ ബിജിന മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃഗങ്ങളോടുപോലും മനുഷ്യന് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ രണ്ടാംസാക്ഷി എം.വി. ഷൈജ കരഞ്ഞുകൊണ്ട് കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ബിജിനയുടെ സഹോദരന്‍ പി.കെ. ജയരാജന്റെ ഭാര്യയാണ് ഷൈജ. അക്രമം തടയാന്‍ ശ്രമിച്ച ഷൈജയ്ക്ക് പരിക്കേറ്റിരുന്നു. 2012 ജൂലായ് മൂന്നിന് രാവിലെ 10.30നാണ് ബിജിനയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വൈകിട്ട് മരിച്ചു. സംഭവശേഷം ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതി ആയുധം യാത്രയ്ക്കിടെ വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് തെളിവുകളുണ്ടെങ്കില്‍ ആയുധം കണ്ടെത്താന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെ ന്യൂനതയായി കാണാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതുകൂടി അംഗീകരിച്ചാണ് കോടതി വിധി.
ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞാണ് കൊലനടത്തിയതെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. അമ്മയുടെയും സഹോദരന്മാരുടെ ഭാര്യമാരുടെയും മുന്നില്‍വെച്ചാണ് സംഭവം. സഹോദരന്‍ ജയരാജന്റെ പരാതിയിലാണ് കേസ്. കണ്ണൂര്‍ സിറ്റി പോലീസ് ഇന്‍സ്‌പെക്ടറുടെ ചുമതലയുണ്ടായിരുന്ന കെ.എസ്. ഷാജിയാണ് തുടക്കത്തില്‍ അന്വേഷണം നടത്തിയത്. ടി.കെ. രത്‌നകുമാറാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു.