തിരുവനന്തപുരം: മെസി കേരളത്തിലെത്തുമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയ സംഭവത്തിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ചാർജ് മെമ്മോ. ജിഎസ്ടി ഈടാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ജിഎസ്ടി കമ്മീഷണർ ശ്രീവത്സ, ജോയിന്റ് കമ്മീഷണർ സജിത്, ഡെപ്യൂട്ടി കമ്മീഷണർ സജിനി എന്നിവർക്കാണ് ചാർജ് മെമ്മോ നൽകിയത്. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസിനും ചാർജ് മെമ്മോ ലഭിച്ചിട്ടുണ്ട്.
നികുതി വെട്ടിപ്പ് കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥയുടെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം കോഴിക്കോടെത്തി.
പ്രാഥമിക പരിശോധനയിൽ ജിഎസ്ടി വെട്ടിപ്പ് സ്ഥിരീകരിച്ചതായാണ് എസ്ഐടിയുടെ കണ്ടെത്തൽ. സ്പോൺസറിൽ നിന്ന് രണ്ട് തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനായി എസ്‌ബിഐയിൽ നിന്നും റിസർവ് ബാങ്കിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
സ്പോൺസർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരു വർഷത്തോളം വൈകിയതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 126 കോടി രൂപ എവിടെനിന്നാണ് സമാഹരിച്ചതെന്നതിലും അന്വേഷണം തുടരുകയാണ്.
ജിഎസ്ടി ഈടാക്കുന്നതിലുണ്ടായ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.




