കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആശങ്കയുമായി യൂണിയനുകൾ രംഗത്ത്. പദ്ധതി നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നാണ് സിഐടിയുവിന്റെയും ബിഎംഎസിന്റെയും ആവശ്യം. പ്രതിമാസം കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരും.
സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കാനുള്ള നീക്കത്തിനെതിരെ കെഎസ്ആർടിസിയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകൾ ഒരുപോലെ ആശങ്ക രേഖപ്പെടുത്തുകയാണ്. പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത സർക്കാർ തന്നെ ഏറ്റെടുക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ കിട്ടാതെ 24 പേർ ആത്മഹത്യ ചെയ്ത സംഭവം ഓർമ്മിപ്പിച്ചാണ് സിഐടിയുവിന്റെ മുന്നറിയിപ്പ്. അതേസമയം, പദ്ധതി മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ കെഎസ്ആർടിസിയെ സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്നാണ് ബിഎംഎസിന്റെ ആവശ്യം.
പദ്ധതി യാഥാർത്ഥ്യമായാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത് 112 കോടി രൂപയുടെ ഭീമമായ നഷ്ടമാണ്. വെറും മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയും വലിയ തുകയുടെ ബാധ്യത വരാൻ പോകുന്നത്. കെഎസ്ആർടിസി എംഡി തയ്യാറാക്കിയ ഈ സാമ്പത്തിക കണക്കുകൾ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചു കഴിഞ്ഞു. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഈ കണക്കുകൾ ഗതാഗതവകുപ്പ് അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും പദ്ധതിയുടെ അന്തിമ പ്രഖ്യാപനം.
നിലവിൽ തന്നെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സർക്കാർ സഹായമായി നൽകുന്നുണ്ട്. ഇതിനു പുറമെയാണ് ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന 112 കോടിയുടെ പുതിയ നഷ്ടം കൂടി സർക്കാരിന് വഹിക്കേണ്ടി വരിക. ജൂൺ 15-ന് മുൻപായി പദ്ധതിയുടെ പുതിയ സ്കീമും കൃത്യമായ ഫിനാൻഷ്യൽ റോഡ് മാപ്പും തയ്യാറാക്കുക എന്ന വലിയ കടമ്പയും സർക്കാരിന് മുന്നിലുണ്ട്.
ഗതാഗത വകുപ്പ് ഇതിനോടകം തന്നെ തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ വിവേചനബുദ്ധിക്ക് വിട്ടിരിക്കുകയാണ്. സർക്കാരിൽ നിന്ന് പ്രത്യേക അധിക ധനസഹായം ഉറപ്പുനൽകിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന ശക്തമായ നിലപാടിലാണ് കെഎസ്ആർടിസി മാനേജ്‌മെന്റ്.




