ഇന്നലെ കടലില്‍ പോയ മിക്കവര്‍ക്കും വള്ളവും വലയും നിറയെ മത്തി ലഭിച്ചു. കൂട്ടായിയിലെ വാദി റഹ്മ ബോട്ടില്‍ പോയവര്‍ അതിരാവിലെ കോള് കണ്ടു വലയെറിഞ്ഞു. പിന്നെ ഉച്ചയ്ക്കും വൈകിട്ടും ഇത് ആവര്‍ത്തിച്ചു. ഓരോ തവണ വല വലിച്ചു കയറ്റിയപ്പോഴും നിറയെ മത്തി. ഇതുതന്നെയാണു ബാക്കി ബോട്ടുകാര്‍ക്കെല്ലാമുണ്ടായ അനുഭവം. അയലയും കിളിമീനും ചെമ്മീനുമെല്ലാം ഇഷ്ടംപോലെ ലഭിച്ചവരുണ്ട്. ഹാര്‍ബറുകളിലും തീരങ്ങളിലും മീന്‍ ഇറക്കി വില്‍പന നടത്തി പിറ്റേന്നു പുലരാറായപ്പോഴാണു തൊഴിലാളികളില്‍ പലരും വീടുകളിലേക്കു മടങ്ങിയത്.
ട്രോളിങ് നിരോധനമുണ്ടായിരുന്ന പഞ്ഞകാലത്തു ജീവിക്കാന്‍ കടം വാങ്ങിയതു തിരിച്ചുകൊടുക്കാനുള്ള വഴിയാണു പലര്‍ക്കും ചാകരയിലൂടെ തെളിഞ്ഞത്. ഇനിയുള്ള ദിവസവും ചാകര കിട്ടിയാല്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇവര്‍ക്കാകും. 4 ദിവസം മുന്‍പാണു ട്രോളിങ് നിരോധനം കഴിഞ്ഞു മത്സ്യത്തൊഴിലാളികള്‍ കടലിലേക്കു തിരിച്ചിറങ്ങിയത്.
ആദ്യ ദിവസം തൊട്ടു ബോട്ട് നിറയെ മീനുമായി ഇവര്‍ എത്തിത്തുടങ്ങിയതോടെ മീന്‍ വിലയും കുറഞ്ഞു തുടങ്ങി.260 രൂപ വരെ വില ഉയര്‍ന്നിരുന്ന മത്തിക്ക് ഇന്നലെ 140 വരെയാണു വിപണിയില്‍ വിലയുണ്ടായിരുന്നത്. ശരാശരി വലിപ്പമുള്ള അയലയ്ക്ക് 100 രൂപയാണു വില. നത്തോലി ഒന്നര കിലോ 100, കുഞ്ഞന്‍ മത്തി ഒന്നര കിലോ 100, കിളിമീന്‍ 160 രൂപ എന്നിങ്ങനെയാണു മറ്റു മീനുകളുടെ വില.