കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നം. ഞായറാഴ്ച രാത്രി 10 മണിയോടെ കണ്ണൂര്‍ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍. കുട്ടിക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്.
അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ് റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.