തിരുവനന്തപുരത്ത് നാലംഗ കുടുംബത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പുല്ലാനി മുക്ക് സ്വദേശി ശിവരാജന്‍ (56),മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയില്‍ ഭക്ഷണത്തോടൊപ്പം ഇവര്‍ വിഷം കഴിച്ചതായാണ് കരുതുന്നത്. രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. അര്‍ജുനാണ് വിവരം പുറത്തറിയിക്കുന്നത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.