വാഫി – വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തിരക്കിട്ട ശ്രമം. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുൻകയ്യെടുത്ത് അനുരഞ്ജന ചർച്ച നടത്തി. ലീഗിനെ പ്രതിനിധീകരിച്ച് സാദിഖലി തങ്ങൾക്ക് പുറമേ പി കെ കുഞ്ഞാലിക്കുട്ടി, എം സി മായിൻ ഹാജി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് പങ്കെടുത്തത്.
പ്രസിഡന്റ് ജിഫ്രി തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, എം ടി അബ്ദുള്ള മുസ്ലിയാർ എന്നിവർ സമസ്തയുടെ ഭാഗത്ത് നിന്ന് പങ്കെടുത്തു. പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു, ചില ധാരണകൾ യോഗത്തിൽ ഉണ്ടായതായാണ് വിവരം. സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ഹക്കീം ഫൈസി ആദൃശ്ശേരിയെ പൂര്‍ണമായും മാറ്റി നിര്‍ത്തണമെന്ന ആവശ്യമാണ് സമസ്ത നേതാക്കളെടുത്തത്. എന്നാല്‍ വിഷയങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി താത്കാലികമായി മാറ്റിനിര്‍ത്താമെന്നും പിന്നീട് സിഐസിയുടെ നേത്യത്വത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് സാദിഖലി തങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. അടുത്തയാഴ്ച അന്തിമ തീരുമാനമെടുത്തതിന് ശേഷം തീരുമാനം മാധ്യമങ്ങളെ അറിയിക്കാമെന്നാണ് ഇന്നത്തെ ചര്‍ച്ചയിലുണ്ടായ ധാരണ.
ലീഗ് നേതൃത്വവും സമസ്തയും ഒരുമിച്ചിരുന്ന് തീരുമാനമെടുത്താല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അത് അംഗീകരിക്കാനാണ് സാധ്യത
വാഫി-വഫിയ്യ കോഴ്സുകള്‍ക്ക് ബദലായി സമസ്ത തുടങ്ങിയ ദേശീയ വിദ്യാഭ്യസ പദ്ധതി അതേപടി തുടരും. സിഐസിയുടെ വാഫി-വഫിയ്യ സിലബസില്‍ നിന്ന് സമസ്തയുടെ എസ്എന്‍ഇസി സിലബസിലേക്ക് മാറിയ സ്ഥാപനങ്ങളുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിലുള്ള ചര്‍ച്ചകളും തുടരും.
വാഫി- വഫിയ്യയിൽ തുടങ്ങിയ പ്രശ്നങ്ങൾ ലീഗ് – സമസ്ത തർക്കമായി വളർന്ന സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾക്ക് പി കെ കുഞ്ഞാലിക്കുട്ടി മുന്നിട്ടിറങ്ങിയത്. മുൻപൊരിക്കലുമുണ്ടാകാത്ത തരത്തില്‍ സാദിഖലി തങ്ങളെയും ജിഫ്രി തങ്ങളെയും വിമര്‍ശിച്ച് ലീഗ്-സമസ്ത അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം പോരടിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഒരുമിച്ചിരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സമസ്ത തയ്യാറായത്.
ലീഗ് നേതൃത്വവും സമസ്തയും ഒരുമിച്ചിരുന്ന് തീരുമാനമെടുത്താല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അത് അംഗീകരിക്കാനാണ് സാധ്യത. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഹക്കീം ഫൈസിയുമായി ചര്‍ച്ചകള്‍ നടത്തും. സിഐസി ഭാരവാഹികളെ കൂടി വിശ്വാസത്തിലെടുത്ത് പ്രശ്നം പരിഹരിക്കുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നതും.