ഗതാഗത നിയമലംഘത്തിന് ആകാശത്ത് പിടി വീഴും. ഡ്രോണ്‍ അധിഷ്ഠിത ക്യാമറ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത കമ്മീഷന്‍ സര്‍ക്കാറിന് ശുപാര്‍ശന നല്‍കി. ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.
ആകാശം മാര്‍ഗ്ഗം മുക്കിലും മൂലയിലും തിരഞ്ഞ് ഇവിടെയുള്ള ഗതാഗത നിയമലംഘനം കണ്ടെത്താനാകുമെന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള എ ഐ ക്യാമറയുടെ പ്രത്യേകത. ഇതിനായി ഏതുതരം ഡ്രോണ്‍ ആണ് പര്യാപ്തമെന്ന തിരഞ്ഞെടുക്കാന്‍ വിവിധ ഐഐടികളുടെ സഹായം മോട്ടോര്‍ വാഹന വകുപ്പ് തേടിയിട്ടുണ്ട്. 300 കോടി എങ്കിലും പദ്ധതിക്ക് ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തരം ആശയങ്ങള്‍ക്ക് കേന്ദ്ര സഹായവും ലഭ്യമാകും.
ജൂണ്‍ അഞ്ചുമുതലാണ് കേരളത്തില്‍ എ ഐ ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി തുടങ്ങിയത്. ഒറ്റ മാസം കൊണ്ട് തന്നെ അപകടങ്ങളുടെ എണ്ണവും മരണനിരക്കും ഗണ്യമായി കുറയ്ക്കാനായി. കഴിഞ്ഞവര്‍ഷം ജൂണില്‍ റോഡില്‍ അപകടത്തില്‍ 344 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞു. നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 726 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനുപുറമേ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള നാല് ക്യാമറകളും ഉണ്ട്. സേഫ് കേരള പദ്ധതി വഴി 6000 ക്യാമറകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചതെങ്കിലും വിവാദത്തെ തുടര്‍ന്ന് നീക്കം മരവിപ്പിച്ചു.