കൈക്കൂലി കേസില്‍ ഡോ.ഷെറി ഐസക്കിന് സസ്‌പെന്‍ഷന്‍; വീട്ടില്‍ നിന്നു കണ്ടെടുത്തത് 15.20 ലക്ഷം രൂപ

ശസ്ത്രക്രിയ നടത്താന്‍ രോഗിയില്‍നിന്നു 3000 രൂപ കൈക്കൂലി വാങ്ങിയതിനു വിജിലന്‍സ് പിടികൂടിയ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ഷെറി ഐസക്കിന്റെ (59) വീട്ടില്‍നിന്നു കണ്ടെടുത്തത് 15.20 ലക്ഷം രൂപ.
മുളങ്കുന്നത്തുകാവ് ഹൗസിങ് ബോര്‍ഡ് സമുച്ചയത്തിലെ വാടകവീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കിടക്കയുടെ ഉള്ളിലും താഴെയുമായാണു പണം ഒളിപ്പിച്ചിരുന്നത്. വീട്ടില്‍ പണം സൂക്ഷിച്ചിട്ടില്ലെന്നു വാദിച്ചു റെയ്ഡിനോടു ഡോക്ടര്‍ സഹകരിക്കാതെ പിടിച്ചുനിന്നെങ്കിലും കിടക്ക നീക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തി.

ഓട്ടുപാറയിലെ ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസിനിടെ ഇന്നലെ നാലിനാണ് ഡോ. ഷെറിയെ പിടികൂടിയത്. അപകടത്തില്‍ കയ്യിലെ അസ്ഥിക്കു രണ്ടിടത്തു പൊട്ടലേറ്റ് മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ സെന്ററിലെത്തിയ ആലത്തൂര്‍ കിഴക്കുംചേരി സ്വദേശിനിയായ യുവതിയോടു കൈക്കൂലി ചോദിച്ചതാണു സര്‍വീസില്‍നിന്നു വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ഡോക്ടര്‍ കുടുങ്ങാന്‍ കാരണം.

28ന് എത്തിയ യുവതിക്കു ശസ്ത്രക്രിയ നടത്തുന്നതിനു പകരം ഡോക്ടര്‍ അവരെ ഓര്‍ത്തോ വാര്‍ഡിലേക്കു മാറ്റി. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കു തയാറായി ഇരിക്കാന്‍ 3 തവണ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു രോഗി തയാറെടുത്തെങ്കിലും 3 തവണയും ഡോക്ടര്‍ ശസ്ത്രക്രിയ മാറ്റിവച്ചു. വേദന സഹിക്കവയ്യാതെ രോഗി പരാതി പറഞ്ഞപ്പോഴാണു 3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താന്‍ ആവശ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് വിവരം വിജിലന്‍സിനെ അറിയിച്ചു.

ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ, ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ യുവതിയുടെ ഭര്‍ത്താവ് ക്ലിനിക്കിലെത്തി കൈമാറുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു.

ഡോക്ടര്‍ പതിവായി കൈക്കൂലി വാങ്ങുന്നതായി വിവരമുണ്ടായിരുന്നതിനാല്‍ അതിവേഗം വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 15,20,485 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. എറണാകുളത്തു സ്ഥിരതാമസമാക്കിയ ഡോക്ടര്‍ വല്ലപ്പോഴുമാണ് വാടകവീട്ടിലെത്താറുള്ളൂ എന്നാണു വിവരം. ഡോക്ടറെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് കുമാര്‍, സുരേഷ് ബാബു, എസ്‌ഐ ജയകുമാര്‍, സിപിഒമാരായ വിബീഷ്, സൈജു സോമന്‍, അരുണ്‍ സന്ധ്യ, സിന്ധു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു ഡോക്ടറെ പിടികൂടിയത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...