തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാറുകൾ സ്വീകരിക്കില്ലെന്ന് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യം നിരസിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് സർക്കാർ തന്നെ ആവർത്തിച്ച് പറയുന്ന സാഹചര്യത്തിൽ എംഎൽഎമാർക്ക് കാറുകൾ നൽകുന്നത് അനാവശ്യ ചെലവാണെന്നാണ് ഡിഎംകെയുടെ നിലപാട്. എംഎൽഎമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം ആനുകൂല്യം നൽകണമെന്നും ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന വിജയ് സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭരണപക്ഷമായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ തർക്കം രൂക്ഷമായത്. അധികാരമേറ്റത് മുതൽ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്ന സർക്കാർ ഒരേസമയം ഇത്തരം അധിക ചെലവുകൾ നടത്തുന്നത് വിരോധാഭാസമാണെന്നും ഡിഎംകെ വിമർശിച്ചു.
അതേസമയം, എല്ലാ എംഎൽഎമാരെയും തുല്യരായി പരിഗണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മന്ത്രി ആധവ് അർജുന സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചു. വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ നിരവധി എംഎൽഎമാരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ആഡംബരമല്ല, അത്യാവശ്യമായ സൗകര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.




