മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിന്റെ വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്റ്റേഡിയത്തിലെ ഗ്യാലറി നവീകരിക്കും. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനും കായിക പരിശീലനത്തിനും സൗകര്യമൊരുക്കും. കായിക മേഖലയുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യനാട്ടെ ഗ്യലറിയില്‍ ഇരുന്ന് ഫുട്‌ബോള്‍ കാണുമ്പോള്‍ യൂറോപ്യന്‍ രാജ്യത്ത് പോയി ലോകകപ്പ് ആസ്വദിക്കുന്ന അനുഭൂതിയാണെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഫുട്‌ബോളിനെ ഇത്രമേല്‍ നെഞ്ചേറ്റിയവര്‍ രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ചാമ്പ്യന്‍ഷിപ്പ് വന്‍വിജയമാക്കിയത് മലപ്പുറത്തെ ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു. പയ്യനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ടോപ് സ്‌കോറര്‍ ടി കെ ജെസിനുള്ള പുരസ്‌കാരം മുന്‍താരം ഐ എം വിജയനും മികച്ച ഗോള്‍ കീപ്പറായ ബംഗാളിന്റെ പ്രിയന്ത് കുമാര്‍ സിങ്ങിന് ഗൗരമാംഗി സിങ്ങും കപ്പും മെമെന്റോയും നല്‍കി.