വളാഞ്ചേരി: 2016-ല്‍ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ക്രൈം നമ്പര്‍ 216/2016 കേസിലെ ഒന്നാംപ്രതി അബ്ദുള്‍ അമീറി(35)ന് രണ്ട് വര്‍ഷവും രണ്ടാംപ്രതി മുഹമ്മദ് സാദിഖി (25)ന് ഒരു വര്‍ഷവും വീതം കഠിന തടവാണ് ശിക്ഷ. വടകര എന്‍.ഡി.പി.എസ്. കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും 15,000രൂപ വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം വീതം ഇരുവരും തടവുശിക്ഷ അനുഭവിക്കണം.
2016-ല്‍ തിരുവേഗപ്പുറയില്‍ നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് വാഹനത്തില്‍ കഞ്ചാവുമായി പോകുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വട്ടപ്പാറ വളവില്‍ എസ്.എന്‍.ഡി.പി ഓഫീസ് പരിസരത്ത് വെച്ച് രണ്ട് കിലോ കഞ്ചാവുമായി വളാഞ്ചേരി എസ് ഐ ആയിരുന്ന പി.എം. ഷമീറാണ് ഇവരെ അറസ്റ്റ് ചെയ്ത്.ഒന്നാം പ്രതിയായ അബ്ദുല്‍ അമീര്‍ ഒറ്റപ്പാലത്തു നടന്ന ഒരു കൊലക്കേസ്സിലും പ്രതിയാണ്.നിരവധി കേസ്സുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്.ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് സി ഐ ആയിരുന്നു കെ ജി സുരേഷ് ആണ്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന സനോജ് ആണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്