മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി ഫോണ്‍ വിളി എത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്. ഭീഷണിക്ക് പുറമെ ഏഴാം ക്‌ളാസുകാരന്‍ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറയുന്നു. ഇതിന് മുന്‍പും മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥിയാണെങ്കിലും, പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെയും നിരവധി തവണ വധഭീഷണി ഉണ്ടായിട്ടുണ്ട്. 2019 നവംബറില്‍ മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി ലഭിച്ചിരുന്നു. മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പകരം ചോദിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇത് കൂടാതെ 2018 ഒക്ടോബര്‍ മുഖ്യമന്ത്രിക്കെതിരെ കാസര്‍കോട് ചീമേനി സ്വദേശി സോഷ്യല്‍ മീഡിയ വഴി വധഭീഷണി മുഴക്കിയിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ കൊന്നിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.