അരീക്കോട് കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍ വിനീതിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി എസ് ഒ ജി കമാന്‍ഡോകള്‍. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപ്രവര്‍ത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്.
വിനീതിനോട് അസിസ്റ്റന്റ് കമാന്‍ഡന്‍ന്റ് അജിത്തിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. 2021 ലെ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും സുനീഷിനെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ അതിന് സമ്മതിച്ചിരുന്നില്ലെന്നുമടക്കമുള്ള കാര്യങ്ങള്‍ വിനീതടക്കമുള്ള കമാന്‍ഡോകള്‍ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ക്യാമ്പിലെ ശുചിമുറിയില്‍ വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിനീത് വലിയ മാനസിക പീഡനമാണ് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു. അവസാന സന്ദേശം അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു. പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും എന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നുവെന്നും വിനീത് സുഹൃത്തിനയച്ച അവസാന സന്ദേശത്തില്‍ പറയുന്നു. ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് നവംബറില്‍ നടന്ന പരിശീലനത്തില്‍ പരാജയപ്പെട്ടതോടെ വിനീതിനെ ഏല്‍പ്പിച്ചിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭാര്യ ഗര്‍ഭിണിയായതിനാല്‍ ഇടയ്ക്ക് ലീവുകള്‍ക്ക് അപേക്ഷിച്ചിരുന്നു. ഇതൊന്നും നല്‍കിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നവംബറില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും റീഫ്രഷ്‌മെന്റ് കോഴ്‌സ് തുടങ്ങാന്‍ ഇരിക്കെയാണ് സ്വന്തം തോക്കില്‍ നിന്ന് നിറയൊഴിച്ച് വിനീത് ജീവനൊടുക്കിയത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിനീത് ആത്മഹത്യ ചെയ്തതില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. മരിച്ച വിനീത് വയനാട് കല്‍പ്പറ്റ സ്വദേശിയാണ്. നവംബറിലാണ് റീഫ്രഷ്‌മെന്റ് പരിശീലനത്തിനായി അരീക്കോട് ക്യാമ്പിലേക്ക് എത്തിയത്. 2011 ബാച്ചിലെ അംഗമാണ് വിനീത്.