കെ റെയിലിൽ സർക്കാർ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന ആവശ്യവുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. പദ്ധതിക്ക് പാർട്ടി എതിരല്ല. ആദ്യം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയാണ് വേണ്ടത്. എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രതിഷേധങ്ങളെ പ്രതിരോധിക്കണം എന്ന് മുന്നണി വ്യക്തമാക്കിയതിന് പിന്നാലെയാണ് വേറിട്ട നിലപാടുമായി സി.പി.ഐ രംഗത്തെത്തിയത്.
സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം.