ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12-14 പ്രായക്കാര്‍ക്ക് നാളെ മുതല്‍ കൊറോണ പ്രതിരോധ വാക്സിന്‍ നല്‍കി തുടങ്ങും. ഹൈദരാബാദിലെ ‘ബയോളജിക്കല്‍-ഇ’ കമ്പനി വികസിപ്പിച്ച കോര്‍ബെവാക്സ് വാക്സിനാണ് നല്‍കുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 15 വയസ്സ് മുതലുള്ളവര്‍ക്കാണ് രാജ്യത്ത് കൊറോണ വാക്സിന്‍ നല്‍കുന്നത്. ചൈന ഉള്‍പ്പെടെയുള്ള ചില ഏഷ്യന്‍ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും വീണ്ടും കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം.
ജനുവരി മുതല്‍ 15-18 പ്രായക്കാര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയിരുന്നു. 28 ദിവസത്തെ ഇടവേളയില്‍ നല്‍കുന്ന രണ്ട് ഡോസ് വാക്സിനാണ് കോര്‍ബെവാക്സ്. ഇതിന് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. അതേപോലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇനി നിബന്ധനകളില്ലാതെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതിയുള്ളത്.
