വഴിത്തര്‍ക്കത്തിന്റെ പേരില്‍ വയോധികയെയും മകളെയും ആക്രമിച്ചതായി പരാതി. സുന്ദരി (75), മകള്‍ ഗീത എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെള്ളറട പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
14ന് ഉച്ചയോടെ വഴിത്തര്‍ക്കത്തിന്റെ പേരിലാണ് സംഘര്‍ഷം നടന്നത്. വഴിത്തര്‍ക്കം നേരത്തെ കോടതിയിലെത്തുകയും വഴിവെട്ടുന്നത് കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയും ചെയ്തിരുന്നു. മതില്‍ പൊളിച്ച് വഴി വെട്ടാനുള്ള ശ്രമം തടഞ്ഞ തന്നെയും അമ്മയെയും ക്രൂരമായി മര്‍ദിച്ചതായി ഗീത വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്ന് വെള്ളറട പൊലീസ് പറഞ്ഞു.
കുറച്ചു നാളുകളായി ഗീതയുടെ വീട്ടുകാരും നാട്ടുകാരും തമ്മില്‍ വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നതായാണ് വിവരം. വഴിയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിലനിന്നത്. അതുമായി ബന്ധപ്പെട്ട് മതില്‍ ഇടിച്ചു തകര്‍ക്കുന്നതിനായി ഒരുകൂട്ടം ആളുകളെത്തിയെന്നും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ തന്നെ മര്‍ദിച്ചെന്നുമാണ് ഗീത പറയുന്നത്. ഗീതയുടെ കയ്യില്‍നിന്ന് മൊബൈല്‍ തട്ടിത്തെറിപ്പിക്കുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരെ തടയാനെത്തിയ സുന്ദരിയേയും മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.