ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സില്‍നിന്ന് 16 ആയി കുറയ്ക്കുന്നതു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞ് കേന്ദ്ര നിയമ കമ്മിഷന്‍. ഇക്കാര്യത്തില്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തോടു നിയമ കമ്മിഷന്‍ അഭിപ്രായം തേടിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാവുന്നതും ഒളിച്ചോടുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ നിരവധി സംഭവങ്ങള്‍ കോടതികള്‍ക്ക് മുന്നില്‍ വന്നിരുന്നു. 18 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യും. ഈ സാഹചര്യത്തില്‍, പ്രായപരിധി പുതുക്കുന്നതിനായി നിയമനിര്‍മാണം സാധ്യമാണോയെന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മിഷനോട് ചോദിച്ചിരുന്നു.
മേയ് 31ന് ആണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിനു നിയമ കമ്മിഷന്‍ കത്തയച്ചത്. ഇതുസംബന്ധിച്ചു വിശദമായി പഠിക്കുകയാണെന്നും ഉടനെ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാനുള്ള പ്രായപരിധി ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായ ജപ്പാന്‍ അതു പുതുക്കി. 13 വയസ്സില്‍നിന്ന് 16 വയസ്സായാണ് വര്‍ധിപ്പിച്ചത്. 1907 മുതലുള്ള നിയമം ജപ്പാനിലെ ഉപരിസഭ ഏകകണ്ഠമായി ഭേദഗതി ചെയ്യുകയായിരുന്നു.