കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറുണ്ടായി. അര്‍ധരാത്രി 12.55ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു.
കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍ രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്.
ഓഫീസ് ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു. കുന്നുമ്മക്കരയിലും വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ഇന്നലെ രാത്രി കെപിസിസി ആസ്ഥാനമായ ഇന്ദിരഭവന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഫ്‌ലക്സും കൊടിതോരണങ്ങളും തകര്‍ത്തു. ഓഫീസിലേക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ ഇന്ദിരാഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു.